മാഞ്ചസ്റ്റര്‍: ഹാര്‍ദിക് പാണ്ഡ്യയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് ജയംനേടി. പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറില്‍ 259ന് പുറത്തായി. ഇന്ത്യ 47 പന്ത് ശേഷിക്കെ ജയം നേടി.
സ്കോര്‍: 259 (45.5), ഇന്ത്യ 5-261 (42.1)
ഏകദിനത്തിലെ കന്നി സെഞ്ചുറിയുമായി (113 പന്തില്‍ 125*) പന്ത് തകര്‍ത്താടിയപ്പോള്‍ ഹാര്‍ദികും മിന്നി. നാല് വിക്കറ്റും 55 പന്തില്‍ 71 റണ്ണും. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുനേടിയ 133 റണ്‍ നിര്‍ണായകമായി.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ശിഖര്‍ ധവാന് (1), രോഹിത് ശര്‍മ (17), വിരാട് കോഹ്-ലി (17) എന്നിവര്‍ റീസ് ടോപ്-ലിയുടെ പന്തുകള്‍ക്ക് മുന്നില്‍ വീണപ്പോള്‍ 3-38 എന്ന നിലയിലായി ഇന്ത്യ. സൂര്യകുമാര്‍ യാദവിനെ (16) ക്രെയ്ഗ് ഒവര്‍ട്ടണും പുറത്താക്കി. തുടര്‍ന്നായിരുന്നു ഹാര്‍ദിക്-പന്ത് സഖ്യത്തിന്റെ പ്രത്യാക്രമണം. സ്കോര്‍ 205ല്‍വച്ച് ഹാര്‍ദിക് വീണെങ്കിലും പന്ത് തുടര്‍ന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇരുപത്തിനാലുകാരന് ഡേവിഡ് വില്ലിയെ തുടര്‍ച്ചയായി അഞ്ച് ഫോറുകള്‍ പായിച്ചാണ് ആഘോഷിച്ചത്. രണ്ട് സിക്സറും 16 ഫോറുമായിരുന്നു ഇടംകൈയന്റെ ഇന്നിങ്സില്‍. ഏഴ് റണ്ണുമായി രവീന്ദ്ര ജഡേജയായിരുന്നു കൂട്ട്.
ക്യാപ്റ്റന്‍ ജോസ് ബട്ലറുടെ ബാറ്റാണ് ഇംഗ്ലണ്ടിനെ 250കടത്തിയത്. 80 പന്തില്‍ 60 റണ്ണടിച്ച ബട്ലര് മൂന്ന് ഫോറും രണ്ട് സിക്സറും കണ്ടെത്തി. ജസ്പ്രീത് ബുമ്രക്കുപകരം എത്തിയ മുഹമ്മദ് സിറാജ് ജോ റൂട്ടിനേയും ജോണി ബെയര്‍സ്റ്റോയേയും പൂജ്യത്തിന് മടക്കി ഇന്ത്യക്ക് മികച്ച തുടക്കംനല്‍കി. ബട്ലറെ കൂടാതെ മൊയീന്‍ അലിയും (34) ലിവിങ്സ്റ്റണും (27) പൊരുതിനോക്കി. ഡേവിഡ് വില്ലിയും (18) ക്രെയ്ഗ് ഒവര്‍ട്ടണും (32) ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറൊരുക്കിയത്. ഇന്ത്യക്കായി ഹാര്‍ദിക് ഏഴ് ഓവറില്‍ 24 റണ്‍ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. യുശ്വേന്ദ്ര ചഹാലിന് മൂന്ന് വിക്കറ്റുണ്ട്. ട്വന്റി-20 പരമ്പരയും ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പര സമനിലയായി.