സിംഗപ്പൂര്‍: ഇന്ത്യയുടെ ഇരട്ട ഒളിമ്പിക്സ് ജേത്രി പി വി സിന്ധുവിന് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാങ് സി യിയെ 21-19, 11-21, 21-15ന് തോല്‍പ്പിച്ചു.സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇരുപത്തിരണ്ടുകാരിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധുവിന്റെ വിജയം. ആദ്യസെറ്റ് നഷ്ടമായെങ്കിലും വാങ് രണ്ടാം സെറ്റ് നേടി തിരിച്ചുവന്നു. നിര്‍ണായകമായ അവസാനസെറ്റില്‍ സിന്ധുവിന് പരിചയസമ്പത്ത് തുണയായി. 58 മിനിറ്റിലാണ് ഈ സീസണിലെ മൂന്നാംകിരീടം നേടിയത്.