ന്യൂഡല്‍ഹി: സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ ബുധനാഴ്ച രാവിലെ 11 മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 വരെ 50 മണിക്കൂര്‍ റിലേ പ്രതിഷേധത്തിലാണ്.
ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ധര്‍ണയില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ ഒരുക്കാനുള്ള ഉത്തരവാദിത്തം എല്ലാ പാര്‍ട്ടികളും ഏറ്റെടുത്ത കാഴ്ചയാണ് കാണാനാകുന്നത്.
ജനങ്ങള്‍ക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ രാജാവിനോട് ചോദിച്ച എം.പിമാരെ രാജാവിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയും, അവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്യുന്ന സ്വേച്ഛാധിപത്യം ആണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സസ്പെന്‍ഷനെതിരെ കേരളത്തില്‍ നിന്നുള്ള എം.പിമാരും പ്രതിഷേധിച്ചു. രമ്യ ഹരിദാസ് അടക്കമുള്ള എം.പിമാര്‍ സമരത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. പാര്‍ലമെന്റില്‍ വിലക്കയറ്റത്തിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിച്ചതിനാണ് പാര്‍ലമെന്റ് നടപടികളില്‍ നിന്നും നാല് പേരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ രമ്യ ഹരിദാസ്, സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് കവാടത്തില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുകയാണ്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് രമ്യ പറയുന്നു.