പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരയുന്ന കൊടും ക്രിമിനല്‍ തിരുവല്ലം ഉണ്ണി പത്തനംതിട്ടയില്‍ വച്ച് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
പൊലീസ് സാഹസികമായി പിന്തുടര്ന്നിട്ടും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉണ്ണിയ്ക്കൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥയും വാഹനത്തില്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ പൊലീസിനെ കുഴക്കിയിരിക്കുന്നത്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയായിരുന്നു ജീപ്പില്‍ ഉണ്ണിയ്ക്കൊപ്പമുണ്ടായിരുന്നത്.
മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടതോടെ വനിത ഉദ്യോഗസ്ഥ അടൂരില്‍ വച്ച് ലിഫ്റ്റ് ചോദിച്ച് ഉണ്ണിയുടെ വാഹനത്തില്‍ കയറിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ വാഹനത്തില്‍ ഉണ്ണിയുടെ വാഹനം ഇടിച്ചെന്നും, ഇതേ തുടര്‍ന്ന് ഇയാളെയും കൂട്ടി സ്റ്റേഷനിലേക്ക് വന്നതാണെന്നാണ് ആദ്യം പറഞ്ഞത്. മികച്ച സര്‍വീസിന് മെഡലുകളടക്കം ലഭിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍.
സംസ്ഥനത്ത് വിവിധ ഭാഗങ്ങളിലായി നാല്‍പ്പത്തി രണ്ട് കേസുകളാണ് ഉണ്ണിയുടെ പേരിലുള്ളത്. ആഢംബര വാഹനത്തില്‍ ഇയാള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മുണ്ടക്കയം സി ഐയും സംഘവും പിന്തുടര്ന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്ന വനിതയെ ഇറക്കി വിട്ടശേഷം അതിവേഗത്തില്‍ ഉണ്ണി കടന്നുകളയുകയായിരുന്നു. ആദ്യം പൊലീസ് സംഘത്തിന് ഉണ്ണിയുടെ വാഹനത്തിലുണ്ടായിരുന്നത് പൊലീസ് ഉദ്യോഗസ്ഥയാണെന്ന് മനസിലായിരുന്നില്ല. പിന്നീട് പത്തനംതിട്ട പൊലീസെത്തിയപ്പോഴാണ് ഇവരെ മനസിലായത്.