പറവൂര്‍: പതിനൊന്നുകാരിയെ രണ്ടാനമ്മ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലായ ചെറിയ പല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
മൂത്രം കുടിപ്പിച്ചെന്നും വിസര്‍ജ്യം തീറ്റിച്ചെന്നുമുള്ള കുട്ടിയുടെ മൊഴിയില്‍ വ്യക്തത വരുത്താനാണ് രമ്യയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ക്രൂരമായി മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും മൂത്രം കുടിപ്പിച്ചെന്നും വിസര്‍ജ്യം തീറ്റിച്ചെന്നും ഇരയായ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, നിരന്തരമായി മര്‍ദിച്ചതിനു തെളിവുണ്ടെന്നും മൂത്രം കുടിപ്പിച്ചതിനും വിസര്‍ജ്യം തീറ്റിച്ചതിനും തെളിവു ലഭിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തവരുത്താന്‍ കഴിയൂ എന്നുമാണു പൊലീസ് പറയുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായി രമ്യയെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിക്കുക ആയിരുന്നു.
ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാ വര്‍ക്കറാണു രമ്യ. കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. അവരുടെ അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്നു കുട്ടിയുടെ മൊഴിയെടുത്തശേഷമാണു പൊലീസ് രമ്യയെ അറസ്റ്റു ചെയ്തത്. ഇരയായ കുട്ടിയുടെ പിതാവിന്റെയും മൂത്ത സഹോദരിയുടെയും മൊഴിയെടുത്തപ്പോള്‍ വൈരുധ്യങ്ങള്‍ കണ്ടതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടി. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.