കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറ് മാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി.
ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്.
കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിനമായ വേദന വര്‍ദ്ധിക്കുമെന്നും കോടതി വിലയിരുത്തി. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേസ് പത്തുദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. നിലവില്‍, ആറുമാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ലെന്നിരിക്കെയാണ് പെണ്‍കുട്ടിക്കു വേണ്ടി കോടതിയുടെ മനുഷ്യത്വപരമായ ഇടപെടല്‍.