തിരുവനന്തപുരം : കെ.കെ. രമ എംഎല്‍എയ്‌ക്കെതിരെ മുന്‍മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭ സ്തംഭിച്ചു.
മാപ്പു പറയണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ എം.എം. മണി, താന്‍ പറഞ്ഞതില്‍ ഇനി തിരുത്തൊന്നുമില്ലെന്ന നിലപാടെടുത്തു. മണിയെ ന്യായീകരിക്കുന്നതു സിപിഎം തുടരുന്നതിനിടെ, വിവാദപ്രസ്താവനയോടു സിപിഐ വിയോജിച്ചു. ഇതോടെ, വിഷയത്തില്‍ എല്‍ഡിഎഫ് രണ്ടുതട്ടിലായി. വിവാദത്തിനിടെ എം.എം. മണി ഇന്നലെ നിയമസഭയില്‍ എത്തിയില്ല.
ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയായ രമ ‘വിധവ ആയത് അവരുടെ വിധി’ എന്ന മണിയുടെ പ്രതികരണം മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്തതുമാണെന്നും കേരളം ഇതു പൊറുക്കില്ലെന്നും ഇന്നലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കി. മണി മാപ്പ് പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ‘സിപിഎം കോടതിയുടെ വിധി പ്രകാരമാണു ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. വിധിച്ച ജഡ്ജി ആരാണെന്ന് എന്നെക്കൊണ്ടു പറയിക്കരുത്’ -സതീശന്‍ പറഞ്ഞു.
ആ വിധി ആരുടേതെന്നു ജനങ്ങള്‍ക്ക് അറിയാം. ടി.പി.ചന്ദ്രശേഖരനെ വധിച്ചതു സിപിഎം ആണെന്ന ഏറ്റുപറച്ചിലാണു നിയമസഭയില്‍ നടന്നത്. ഞാന്‍ തളരില്ല. ഞാന്‍ വിമര്‍ശിച്ചതു സര്‍ക്കാരിന്റെ നയങ്ങളെയാണ്. മറുപടി പറയേണ്ടതു മുഖ്യമന്ത്രിയാണ്-കെ.കെ.രമ
പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ലെന്നു മന്ത്രി പി.രാജീവ് പ്രതികരിച്ചു. എം.എം. മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. സിപിഎമ്മിനും ഇടതുപക്ഷത്തിനും വധത്തില്‍ ഉത്തരവാദിത്തമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നു മന്ത്രി വിശദീകരിച്ചു. സഭയില്‍ തുടര്‍ന്നു വന്‍ വാഗ്വാദവും ബഹളവുമായി. ‘വിധിയല്ല, ഇതു പാര്‍ട്ടി കോടതി വിധിച്ചത്’, ‘ടിപിയെ കൊന്നു തള്ളിയിട്ടും പക അടങ്ങുന്നില്ല’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉയര്‍ത്തി. ‘പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററി ആയ പരാമര്‍ശങ്ങള്‍ കാണുന്നില്ല. അതിനാല്‍ ഇടപെടാനാകില്ല’ എന്നു സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തേ നീക്കം ചെയ്തിട്ടുണ്ടെന്നും ഇത് ആ ഗണത്തില്‍ വരുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ഥന പ്രതിപക്ഷം തള്ളി. ഇതോടെ കാര്യപരിപാടി തീര്‍ത്ത് 15 മിനിറ്റില്‍ സഭ പിരിഞ്ഞു.
സഭ വേഗം തീര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ നാടകമായി ഇതിനെ പുറത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിശേഷിപ്പിച്ചു. സിപിഐ ദേശീയ നേതാക്കളായ ആനി രാജയും ബിനോയ് വിശ്വവും മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും മണിയെ ന്യായീകരിച്ചു.
അവര്‍ക്കു വേദനിച്ചെങ്കില്‍ അത് അവരുടെ കാര്യമാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അവരെ വേദനിപ്പിക്കാന്‍ വേണ്ടി കരുതിക്കൂട്ടി പറഞ്ഞതുമല്ല. അന്നേരം അങ്ങനെയങ്ങ് പ്രതികരിച്ചു. ഇനി അതില്‍ തിരുത്തൊന്നുമില്ല. അങ്ങനെത്തന്നെ നിന്നോട്ടെ-എം.എം.മണി