ബെയ്ജിംഗ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിച്ചുരുക്കി ചൈന. ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പലോസി താഴ്വാന്‍ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ വ്യതിയാനം, അഭയാര്‍ത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നാണ് ചൈന പിന്മാറിയത്.
കഴിഞ്ഞ ദിവസം നാന്‍സി പലോസിക്കും കുടുംബത്തിനും ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൈനയുടേത് നിരുത്തരവാദമായ പ്രവര്‍ത്തിയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചിരുന്നു. തായ്വാന് സമീപം ചൈനയുടെ സൈനിക അഭ്യാസം ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തിയില്‍ ചൈനയുടെ ഹെലികോപ്റ്ററുകളും യുദ്ധ വാഹിനികപ്പലുകളും എത്തിയതായി തായ്വാന് അവകാശപ്പെട്ടു.