തിരുവനന്തപുരം : മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് ഇറങ്ങിയ സ്വപ്ന സുരേഷിനെയും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പി.സി.ജോര്‍ജ്ജിനെയും പൂട്ടാന്‍ ഉറച്ച് സര്‍ക്കാര്‍ പോലീസ് നടപടികള്‍ വേഗത്തിലാക്കി. ഇതിന്റെ ആദ്യ പടിയെന്നോണം സ്വപ്ന സുരേഷിന്റെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മതനിന്ദ ആരോപിച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അഭിഭാഷകനെതിരെ കേസെടുത്തത്. കെ.എസ്.ആര്.റ്റി.സി. ഡ്രൈവര്‍ ആയ മുസ്ലീം മതസ്ഥനെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കൃഷ്ണരാജിന് എതിരെ കേസെടുത്തിരിക്കുന്നത്. 294 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്ന സുരേഷ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് 164 സ്റ്റേറ്റ്മെന്റിന് പിന്നിലും ബി.ജെ.പി അനുഭാവിയായ അഡ്വ. കൃഷ്ണരാജ് ആണെന്ന ആക്ഷേപം ഇടത് കേന്ദ്രങ്ങള്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂര്‍ സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്വപ്ന സുരേഷിനും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളില്‍ പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്ന പി.സി. ജോര്‍ജിനും എതിരെ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്കി. ഈ കേസ് അന്വേഷണത്തിനുവേണ്ടി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം തിങ്കളാഴ്ച രാവിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡി.ജി.പി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സ്വപ്ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ജയിലില്‍ അടക്കുക എന്ന ലക്ഷ്യവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നതെന്നാണ് വിവരം. ഇതിനായി ജാമ്യം ലഭിക്കാത്ത മറ്റ് വകുപ്പുകള്‍ കൂടി ഇരുവര്‍ക്കും എതിരെ ചുമത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ് ന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്തും. ഈ മാസം 14ന് ചേരുന്ന എല്‍.ഡി.എഫ് യോഗം ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും
സ്വപ്നയേയും പി.സി. ജോര്‍ജിനെയും പൂട്ടാന്‍ ഉറച്ച് സര്‍ക്കാര്‍ : രാഷ്ട്രീയ പ്രതിരോധത്തനിനൊരുങ്ങി എല്‍.ഡി.എഫ്
Date: