തിരുവനന്തപുരം: പീഡനക്കേസിന് റസ്റ്റിലായ റീല്‍സ് താരം ചിറയിന്‍കീഴ് സ്വദേശി വിനീത് മോഷണക്കേസിലും പ്രതി. കന്റോണ്‍മെന്റ്, കിളിമാനൂര്‍, കല്ലമ്പലം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
‘പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം, അവര്‍ക്ക് വേറെ ആള്‍ക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടര്‍ന്ന് ഇയാളെ വിശ്വസിപ്പിക്കാനായി പെണ്‍കുട്ടി ഇമെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേര്‍ഡുമടക്കം നല്‍കും.
പിന്നെ ആ പെണ്‍കുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് ഇയാളാണ്. ഈ പെണ്‍കുട്ടി കോണ്ടാക്റ്റ് ചെയ്യാതെ വരുന്ന സാഹചര്യത്തില്‍ അക്കൗണ്ടില്‍ ഇവരൊന്നിച്ചുള്ള ചിത്രം സ്റ്റോറിയായി ഇടും. അങ്ങനെയുള്ള സമ്മര്‍ദം വഴി പെണ്‍കുട്ടികള്‍ക്ക് വീണ്ടും ഇയാളെ അനുസരിക്കേണ്ടി വരും.
പൊലീസിലെ ജോലി രാജിവച്ച് ഒരു ചാനലില്‍ ജോലി ചെയ്യുകയാണെന്നാണ് ഇയാള്‍ പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പ്ലസ് ടുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കിതൊരു ഹരമായിരുന്നു. ആരും പരാതി നല്‍കാത്തത് പ്രതിക്ക് പ്രചോദനമായി. പരാതിക്കാരിയായ പെണ്‍കുട്ടി പ്രതിയുമായി റീല്‍സൊന്നും ചെയ്തിട്ടില്ല. ഇരകളെ ട്രോള്‍ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പരാതികളുമായി വരാന്‍ അവര്‍ മടിക്കും. ഇയാളോടൊപ്പം റീല്‍സ് ചെയ്ത പെണ്‍കുട്ടികളെ ട്രോള്‍ ചെയ്യുന്നത് തെറ്റായ പ്രവണതയാണ്. അവര്‍ക്കൊന്നും ഇയാളുടെ ക്രൈമുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.