പാലക്കാട്: പ്രസവത്തിനു പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിക്കു മുന്നില്‍ വന്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചികിത്സാ പിഴവെന്ന പരാതിയില്‍ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പ്രസവത്തിനായി ഐശ്വര്യയെ 29നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു മുന്‍കരുതലായാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നല്‍കിയിരുന്നു.
യുവതിയുടെ ആരോഗ്യനില പരിഗണിച്ചു ആവശ്യമായ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും യഥാസമയം അതുണ്ടായില്ലെന്നാണു പരാതി. ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചു.