ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയോട് കാണിക്കുന്ന സൗഹൃദം ലൈംഗികബന്ധം സ്ഥാപിക്കാനുള്ള സമ്മതമായി വ്യാഖ്യാനിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജൂണ്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷണമുള്ളത്.
വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ആശിഷ് ചാക്കോര് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ഭാരതി ദാംഗ്രെ തള്ളി. താന്‍ ആശിഷ് ചാക്കോറുമായി സൗഹൃദത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആശിഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.
എന്നാല്‍ താന്‍ ഗര്‍ഭിണിയായതോടെ വിവാഹ വാഗ്ദാനം പാലിക്കാന്‍ ഇയാള്‍ തയ്യാറായില്ലെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവതിയുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ആശിഷ് ചാക്കോര് വാദിച്ചു.’ഒരു പെണ്‍കുട്ടിയുടെ സൗഹൃദം ശാരീരിക ബന്ധം സ്ഥാപിക്കാനുള്ള അവളുടെ സമ്മതമായി വ്യാഖ്യാനിക്കരുത്’ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ പറഞ്ഞു.
ശാരീരിക ബന്ധത്തിന് സമ്മതം നല്കാന് യുവതി നിര്‍ബന്ധിതയായോ എന്നറിയാന്‍ ആശിഷ് ചാക്കോറിനെതിരായ പരാതിയില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.