മുംബൈ: സ്ത്രീകളുടെ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരി ശക്തി അഭിയാൻ പ്രഖ്യാപനത്തോടെ ‘നാരി ശക്തി ദൂത് ആപ്ലിക്കേഷൻ’ പുറത്തിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍.
സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍, വനിതാ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് പെട്ടന്ന് ലഭ്യമാക്കാനാണ് ആപ്ലിക്കേഷന്‍ തുടക്കം കുറിച്ചതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ സംരംഭങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് പലപ്പോഴും വ്യക്തമായ ധാരണകള്‍ ലഭിക്കാറില്ല. ഇതു പരിഹരിക്കാൻ നാരി ശക്തി ദൂത് ആപ്ലിക്കേഷൻ പോലുള്ള മൊബൈല്‍ ആപ്പുകള്‍ ആവശ്യമാണെന്ന് സ്ത്രീ, ശിശു സുരക്ഷാ വകുപ്പ് മന്ത്രി അദിതി താക്കറെ വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പദ്ധതികള്‍ അറിയിക്കുന്നതിനു വേണ്ടി മാത്രമല്ല ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതികളില്‍ അപേക്ഷിക്കുന്നതിനായി വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ ഫോമുകള്‍ ഓണ്‍ലൈനായി പൂരിപ്പിക്കാം. ജില്ലാ പൊതുജനക്ഷേമ ഓഫീസുകള്‍ സ്ത്രീ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കും, കൂടാതെ മൊബൈല്‍ ആപ്പുകള്‍ക്കും വെബ് പോര്‍ട്ടലുകള്‍ക്കുമായി ഒരു പ്രത്യേക ഡാഷ്ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദിതി താക്കറെ അറിയിച്ചു.