സതാംപ്ടണ്: ക്യാപ്റ്റനെന്ന നിലയില്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലെ ആദ്യ ടി20യിലാണ് രോഹിത്തിന്റെ നേട്ടം. എം എസ് ധോണിയും വിരാട് കോലിയുമാണ് മുമ്പ് ക്യാപ്റ്റനായിരിക്കേ 1000 രാജ്യാന്തര ടി20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ ഇവരില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് ക്ലബിലെത്തിയ ഇന്ത്യന്‍ നായകന് രോഹിത്താണ്(29 മത്സരങ്ങള്‍). മുമ്പ് വിരാട് കോലി നാഴികക്കല്ലിലെത്തിയത് 30 മത്സരങ്ങളിലായിരുന്നു.
എന്നാല്‍ ചരിത്രമെഴുതിയ മത്സരത്തില്‍ ഗംഭീര തുടക്കത്തിന് ശേഷം രോഹിത് ശര്‍മ്മ മടങ്ങി. ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ സ്പിന്നര്‍ മൊയീന്‍ അലിയെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ക്ക് പറത്തിയ ശേഷം ഔട്ട്സൈഡ് എഡ്ജായി വിക്കറ്റിന് പിന്നില്‍ ജോസ് ബട്ലറുടെ കൈകളിലെത്തുകയായിരുന്നു രോഹിത് ശര്‍മ്മ. 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സാണ് രോഹിത്തിന്റെ നേട്ടം. ഈസമയം 29 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.