ചണ്ഡിഗഡ്: പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സച്ചിന് തപന്‍ ബിഷ്ണോയി അസര്‍ബൈജാനില്‍ ഒളിവില്‍ കഴിയുകയാണെന്ന് പഞ്ചാബ് പോലീസ്.
സച്ചിനും ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയിയും കൊലനടത്തുന്നതിനു മുമ്ബ് വ്യാജ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ടിരുന്നു. ഇരുവരും ആദ്യം ദുബായിലേക്കാണു പോയത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവരെ അസര്‍ബൈജാനില്‍ കണ്ടെത്തിയതെന്നു പഞ്ചാബ് ഡിജിപി അറിയിച്ചു. മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഗോള്‍ഡി ബ്രാര്‍ എന്നയാളുമായി സച്ചിന് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സച്ചിനെ രാജ്യങ്ങള്‍ തമ്മിലുള്ള ഉടന്പടി പ്രകാരം ഇന്ത്യക്കു വിട്ടുനല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നുവരികയാണ്. മേയ് 29ന് പഞ്ചാബിലെ മന്‍സയില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ശുഭദീപ് സിംഗ് സിദ്ദു എന്ന സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്.