കൊടുങ്ങല്ലൂര്‍: സ്കൂള്‍ വിട്ടുവരുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ ആള് മിഠായി നല്കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി പരാതി.
മിഠായി വാങ്ങാന്‍ തയാറാകാതിരുന്ന കുട്ടിയെ സിറിഞ്ചു ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചതായും പറയുന്നു.
ഇതോടെ പേടിച്ച കുട്ടി ഓടി രക്ഷപ്പെടുകയായിരുെന്നന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പുല്ലൂറ്റ് കോഴിക്കടയില്‍ താമസിക്കുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ഈ അനുഭവമത്രെ. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് ചാപ്പാറയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയില്‍ സ്റ്റാര്‍ നഗറിലായിരുന്നു സംഭവം.
നാട്ടുകാരും പോലീസും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഉയരമുള്ള യുവാവ് തലയില്‍ ഹെല്‍മറ്റിന് പകരം തൊപ്പിപോലുള്ളതാണ് ധരിച്ചിരിക്കുന്നതെന്നും മഞ്ഞ ദ്രാവകമാണ് സിറിഞ്ചില്‍ ഉള്ളതെന്നുംകുട്ടി പറഞ്ഞു.
ഇതുസംബന്ധിച്ച് പിതാവ് ചൊവ്വാഴ്ച രേഖാമൂലം പോലീസില്‍ പരാതി നല്കി. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇങ്ങനെയൊരു ബൈക്കുകാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു