മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഏക്നാഥ് ഷിന്‍ഡെ സഖ്യത്തിന് വന്‍ വിജയം. 259 ബി.ജെ.പി സ്ഥാനാര്‍ഥികളും 40 ശിവസേനയുടെ ഷിന്‍ഡെ പക്ഷ സ്ഥാനാര്‍ഥികളും വിജയിച്ചതായി ബി.ജെ.പി യൂനിറ്റ് പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവങ്കുലെ അവകാശപ്പെട്ടു.
16 ജില്ലകളിലെ 547 ഗ്രാമപഞ്ചായത്തുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 76 ശതമാനം പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച വോട്ടെണ്ണല്‍ നടന്നു. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒപ്പം വില്ലേജ് സര്പഞ്ചുകള്ക്കായി നേരിട്ടുള്ള തെരഞ്ഞെടുപ്പും നടന്നു.
259 ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സര്‍പഞ്ചുകളായി തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് ബി.ജെ.പി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ശിവസേന സ്ഥാനാര്‍ഥികളായ 40 ഷിന്‍ഡെ പക്ഷക്കാരും സര്‍പഞ്ചുകളായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 50 ശതമാനത്തിലേറെ സര്‍പഞ്ചുകള്‍ ബി.ജെ.പി- ഷിന്‍ഡെ സഖ്യത്തിന്റെതാണ്. ഈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഷിന്‍ഡെ -ഫട്നാവിസ് സര്‍ക്കാറിലുള്ള മഹാരാഷ്ട്രയുടെ വിശ്വാസമാണ് കാണിക്കുന്നതെന്നും ബവങ്കുലെ പറഞ്ഞു.