ബോദര്‍ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മധ്യപ്രദേശില്‍ ഉജ്ജ്വല സ്വീകരണം.
മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലെ അതിര്‍ത്തി പ്രദേശമായ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബോദര്‍ലി ഗ്രാമത്തിലാണ് യാത്ര പ്രവേശിച്ചത്.
പരമ്ബരാഗത നൃത്തച്ചുവടുകളോടെയായിരുന്നു സ്വീകരണം. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയില്നിന്ന് മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥ് കോണ്‍ഗ്രസ് പതാക ഏറ്റുവാങ്ങി. മൂവര്‍ണ പതാകയുമായി വന്‍ ജനാവലി പദയാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്നു.
സമൂഹത്തില്‍ പടരുന്ന വിദ്വേഷത്തിനും അക്രമത്തിനും ഭയത്തിനും എതിരെയാണ് യാത്രയെന്ന്, ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂവര്‍ണ പതാകയും കൈയിലെടുത്ത് കന്യാകുമാരിയില്‍നിന്നാണ് യാത്ര തുടങ്ങിയത്.
ശ്രീനഗറില്‍ എത്തുന്നതിനുമുമ്ബ് യാത്രയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആദ്യം യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും മനസ്സില്‍ ഭയം വിതക്കുന്നു. പിന്നീട് അതിനെ അക്രമമാക്കി മാറ്റുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
12 ദിവസമാണ് യാത്ര മധ്യപ്രദേശിലൂടെ സഞ്ചരിക്കുക. ഇന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുടുംബത്തോടൊപ്പം യാത്രയില്‍ പങ്കുചേരുമെന്നു കമല്‍നാഥ് അറിയിച്ചു. ഇന്നും നാളെയുമായി ബുര്‍ഹാന്‍പുര്‍ മുതല്‍ ഇന്ഡോര്വരെ രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കയുമുണ്ടാകും.
സംസ്ഥാനത്ത് 380 കി.മി പൂര്‍ത്തിയാക്കുന്ന യാത്ര പിന്നീട് രാജസ്ഥാനില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.