എഡ്ജ്ബാസ്റ്റണ്: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് ഇറങ്ങുമ്ബോള്‍ 298 ഫോറുകളുണ്ടായിരുന്ന രോഹിത് മൂന്ന് ബൗണ്ടറികളോടെ തന്റെ സമ്ബാദ്യം 301 ഫോറുകളാക്കി.
അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിംഗ് മാത്രമാണ് രോഹിത്തിന് മുന്നിലുള്ള താരം. സ്റ്റിര്‍ലിംഗിന് 325 ബൗണ്ടറികളാണുള്ളത്. അതേസമയം, 300 ഫോറുകള്‍ തികയ്ക്കാനുള്ള അവസരം ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോഹ്ലി പാഴാക്കി. രോഹിത്തിനൊപ്പം 298 ഫോറുകളുമായി കളത്തിലെത്തിയ കോഹ്ലി ഒരു റണ്‍ മാത്രമെടുത്ത് കൂടാരം കയറി.
രാജ്യാന്തര ടി20യില്‍ കൂടുതല്‍ ഫോറുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കോഹ്ലി. 287 ബൗണ്ടറികളുമായി ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലാണ് നാലാം സ്ഥാനത്ത്. അതേസമയം, ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 49 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില് നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ 20 പന്തില്‍ 31 റണ്‍സും, റിഷഭ് പന്ത് 15 പന്തില്‍ 26 റണ്‍സും നേടി.