ഇടുക്കി: ദേശീയപാതയുടെ നിര്‍മാണത്തിനായുള്ള യന്ത്ര സാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ പ്രതികള്‍ പിടിയില്‍.
ആനച്ചാല്‍ ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐക്കരയില്‍ ബെന്നി (42) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവ സ്ഥലത്തു നിന്നും ഇവരുടെ സുഹൃത്തായ രാജന് ഓടി രക്ഷപ്പെട്ടിരുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിര്‍മാണ സാമഗ്രികളാണ് പ്രതികള്‍ കടത്തുവാന്‍ ശ്രമിച്ചത്.
നൈറ്റ് പട്രോളിങിനിടയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ദേവികുളം ബ്ലോക്ക് ഓഫിസിനു സമീപം കനത്ത ഭാരം മൂലം സാവധാനത്തില്‍ വരികയായിരുന്നു ഓട്ടോ. ഇവരെ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതികള്‍ വാഹനം നിര്‍ത്താതെ മുന്നോട്ട് പോകവെ പൊലീസ് ഓട്ടോയെ തടയുകയായിരുന്നു. നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ഒരാള്‍ കാട്ടിലേക്ക് ഓടി മറഞ്ഞതോടെ പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയും ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരം കൂടിയ നിര്‍മാണ സാമഗ്രികല് കണ്ടെടുക്കുകയും ചെയ്തു. ലാക്കിടിന് സമീപമുള്ള ദേശീയപാതയ്ക്ക് അരികില്‍ സൂക്ഷിച്ചിരുന്ന കണ്ടൈനര്‍ സ്റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.