തിരുവനന്തപുരം: തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്.
അഗ്നിപഥ് പ്രതിഷേധങ്ങളില്‍ കേരളത്തിലുള്ള ഉത്തരേന്ത്യക്കാരും പങ്കെടുത്ത് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു കനത്ത സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ചത്.
അക്രമങ്ങള്‍ക്കു മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്കി.
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.