ഒടുവില്‍ ജാവോ ഫെലിക്സ് അത്ലറ്റികോ മാഡ്രിഡ് വിടുന്നു. സീസണിന്റെ തുടക്കം മുതല്‍ താരത്തിന് മുകളില്‍ മൂടിക്കെട്ടി നിന്ന പ്രശ്നങ്ങളില്‍ നിന്നും ഇതോടെ ഫെലിസ്കിന് താല്‍ക്കാലിക മോചനമാകും.
ചെല്‍സിയും അത്ലറ്റികോ മാഡ്രിഡും ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലേക്ക് ആറു മാസത്തെ ലോണില്‍ ആണ് താരം എത്തുക. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കരാറില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന. ലോണ്‍ ഫീ ആയി പത്ത് മില്യണ്‍ യൂറോയോളം ചെല്‍സി മുടക്കേണ്ടതായി വരും. കൂടാതെ താരത്തിന്റെ ഈ കാലയളവിലെ വരുമാനവും ടാക്സും അടക്കം ചെല്‍സി നല്‍കും.
നേരത്തെ ആഴ്സനലിനും ഫെലിക്സിനെ എത്തിക്കാന്‍ നോട്ടമുണ്ടായിരുന്നെങ്കിലും മിഹായ്ലോ മദ്രെയ്ക്കിനെ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത പരിഗണന എന്ന നിലയിലാണ് പോര്‍ച്ചുഗല്‍ താരത്തെ കണ്ടത്. ഫെലിക്സിനും ചെല്‍സിയിലേക്ക് തന്നെ ചേക്കേറാനാണ് താല്പര്യമെന്ന് “ദ് അത്ലറ്റിക്” റിപ്പോര്‍ട്ട് ചെയ്തു. ഗ്രഹാം പൊട്ടറിന് കീഴില്‍ ഫോം കണ്ടെത്താന്‍ ആവാതെ വലയുന്ന ചെല്‍സിക്ക് ആശ്വാസമാകും കളി മെനയാനും ഗോളടിക്കാനും ഒരുപോലെ മികവുള്ള ഫെലിക്സിന്റെ വരവ്. ലോകകപ്പ് ഇടവേളക്ക് മുന്‍പുള്ള പ്രശ്നങ്ങള്‍ മറന്ന് സിമിയോണി ഫെലിക്സിനെ പിന്നീട് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള മഞ്ഞുരുകുന്നതായി സൂചനകള്‍ ഉണ്ടായിരുന്നില്ല. താരത്തിന്റെ കൈമാറ്റം അത്ലറ്റികോ മാഡ്രിഡിനും സിമിയോണിക്കും തിരിച്ചടി തന്നെ ആവും.