നാഗ്പൂര്‍: വര്‍ണം, ജാതി തുടങ്ങിയ ആശയങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.
നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മദന്‍ കുല്‍ക്കര്‍ണിയും ഡോ. രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്ബര്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.
വര്‍ണ-ജാതി സമ്ബ്രദായങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിവേചനമില്ലെന്നും അതിന് നേട്ടങ്ങളുണ്ടെന്നും അവകാശപ്പെടുന്നതിനെ പരാമര്‍ശിച്ച ആര്.എസ്.എസ് മേധാവി, ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെക്കുറിച്ച് ചോദിച്ചാല്‍ “അത് അവസാനിച്ചു, നമുക്ക് മറക്കാം” എന്നായിരിക്കും ഉത്തരമെന്ന് പറഞ്ഞു. വിവേചനം സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.