കൊളംബോ: ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി.
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള യുവാന്‍ വാങ് 5 ചൊവ്വാഴ്ച രാവിലെയാണ് ഹംബന്തോട്ട തുറമുഖത്ത് എത്തിയത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയും കപ്പലിന്റെ വരവില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതായി ശ്രീലങ്കന്‍ തുറമുഖ മന്ത്രി നിര്‍മ്മല്‍ പി സില്‍വ പറഞ്ഞു. ഓഗസ്റ്റ് 11ന് കപ്പല്‍ ഹംബന്തോട്ടയില് എത്തേണ്ടതായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം കപ്പലിന്റെ എന്‍ട്രി പെര്‍മിറ്റ് വൈകുകയായിരുന്നു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പകര്‍ത്താനും വിശകലനം ചെയ്യാനും കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ്-5.
“ചൈനീസ് കപ്പലിന്റെ വരവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്ബത്തിക താല്പര്യങ്ങള്ക്കും തടസ്സമാകുന്ന സംഭവവികാസങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നുണ്ട്. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.