കോഴിക്കോട്: കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര്‍.
ബീനാ ഫിലിപ്പ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഐ എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഐ എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാനാവുന്നതല്ല. അക്കാരണംകൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഐ എം തീരുമാനിച്ചു – മോഹനന് മാസ്റ്റര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.