ഭോപ്പാല്‍: ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയക്കെതിരായ പെന്ഷന് അഴിമതിക്കേസ് ഇന്ദോറിലെ സ്പെഷല്‍ കോടതി അവസാനിപ്പിച്ചു.
വിജയ്വര്ഗീയയെയും മറ്റ് പ്രതികളെയും വിചാരണ ചെയ്യാന്‍ 17 വര്‍ഷമായി മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്.
പരാതിക്കാരനായ കോണ്‍ഗ്രസ് മീഡിയ വിഭാഗം മേധാവി കെ.കെ. മിശ്ര, വിജയ്വര്ഗീയയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാത്തതിനെതിരെ ഹൈകോടതിയെ സമീപിക്കും.
വിജയ്വര്ഗീയ ഇന്ദോര്‍ മേയറായിരുന്ന 2000നും 2005നും ഇടയ്ക്ക് നഗരസഭയുടെ പെന്ഷന് വിതരണത്തില്‍ അഴിമതി കാട്ടിയെന്നാണ് കേസ്. ദേശസാത്കൃത ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും പകരം സഹകരണ സ്ഥാപനങ്ങളെയാണ് പെന്ഷന് വിതരണത്തിന് ചുമതലപ്പെടുത്തിയത്. പെന്ഷന് യോഗ്യതയില്ലാത്തവര്‍ക്കും മരിച്ചവര്‍ക്കും നിലവിലില്ലാത്ത ആളുകള്‍ക്ക് പോലും പെന്ഷന് നല്‍കിയെന്നും ഇതുവഴി 33 കോടി രൂപയുടെ അഴിമതി കാട്ടിയെന്നുമാണ് കേസ്.
എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസ് അവസാനിപ്പിച്ചത്. സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. പരാതിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്നും പ്രത്യേക കോടതി വ്യക്തമാക്കി.