തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും.
തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സനില്‍കുമാറാണ് കേസില്‍ വിധി പറയുക. കേസില്‍ ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ ശ്രീറാമിനെ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴിയിലോ സാക്ഷി മൊഴികളിലോ ഇല്ലെന്നും വെറും സഹയാത്രികയായ യുവതിക്ക് മേല്‍ പ്രേരണാകുറ്റമായ മോട്ടോര്‍ വാഹന നിയമ വകുപ്പ്188 നിലനില്‍ക്കില്ലെന്നിരിക്കെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നായിരുന്നു വഫയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. എന്നാല്‍, കേസിലെ രണ്ടാം പ്രതിയായ വഫയുടെ വിടുതല്‍ ഹര്‍ജി അനുവദിക്കരുതെന്നും വഫയാണ്, ശ്രീറാമിന് വാഹനം നല്കി ഓടിക്കാന്‍ പ്രേരിപ്പിച്ചതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.