കാസര്‍ഗോഡ്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നാട്ടില്‍ തിരിച്ചെത്തി മകളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശി നൗഷാദാണ് മകളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കഴുത്തിന് വെട്ടാനുള്ള ശ്രമം കൈകൊണ്ട് തടഞ്ഞതിനാലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ നൗഷാദിനെ ആറുമാസത്തേക്ക് ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യമായി ജില്ലയില്‍ പ്രവേശിച്ച നൗഷാദ് ബോവിക്കാനത്ത് താമസിച്ചുവരുകയായിരുന്നു.
പിതാവിന്റെ ദുര്‍നടപ്പ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് മകള്‍ നൗഷീറയെ (17) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.തടയാന്‍ ശ്രമിച്ച മാതാവ് താഹിറക്ക് നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ആദൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാടുകടത്തിയ പ്രതി വീണ്ടും ജില്ലയില്‍ നിയമവിരുദ്ധമായി പ്രവേശിച്ചതിന് നൗഷാദിനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.