ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ജെഎംഎം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ മെയ് ഫെയര്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്.
40 എംഎല്‍എമാരുമായി വൈകിട്ട് നാലരയ്ക്ക് പുറപ്പെട്ട വിമാനം അഞ്ച് മണിയോടെ ഛത്തിസ്ഗഢിലെത്തി.വിമാനത്താവളത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയുള്ള റിസോര്‍ട്ടിലേക്ക് പൈലറ്റ് വാഹനങ്ങളുടെ അകമ്ബടിയോടെയാണ് ഇവരെ എത്തിച്ചത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ യുപിഎ സഖ്യത്തിന് 49 എംഎല്‍എമാരാണുള്ളത്. റിസോര്‍ട്ടിന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അകത്തേക്ക് പ്രവേശനമില്ല. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എമാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കര്‍ണാടകയിലും സംഭവിച്ചത് പോലെ ജാര്‍ഖണ്ഡും ഭരണപക്ഷത്തെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുമെന്നാണ് ജെഎംഎം കരുതുന്നത്.