തിരുവല്ലം: തിരുവല്ലം പുഞ്ചക്കരിയില്‍ വീട്ടുമുറ്റത്തു നിന്ന എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.
തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തില്‍ അഭിറാമിനെ(21)യാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഏഴിന് രാവിലെ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ ഗിരീഷ് കുമാര്‍, ഭാര്യ ശ്രീകല എന്നിവര്‍ക്കുനേരെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രയിച്ചത്.
വീട്ടില്‍ പൊങ്കാല അര്‍പ്പിക്കാന്‍ മുറ്റം വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ അസഭ്യംപറയുകയും കൈയില്‍ പിടിച്ച് തിരിക്കുകയും ചെയ്തു. ഇതുകണ്ട് ഓടിയെത്തിയ ഗിരീഷിനെ ഹോളോബ്രിക്സ് കട്ട കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. അക്രമികളിലൊരാളായ രാഹുലിനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു.