MORE

    എന്തിന് ഒത്തിരി, ഒന്നുതന്നെ ധാരാളം; ഒറ്റ ചാര്‍ജര്‍ നയം നടപ്പാക്കാന്‍ വഴി തേടി ഇന്ത്യ

    Date:

    ഐഫോണ്‍ ചാര്‍ജറുണ്ടോ? ബാറ്ററി തീര്‍ന്ന ഐ ഫോണുമായി നടക്കവെ നിങ്ങള്‍ പലയിടത്തും ഇതുപോലെ തിരഞ്ഞിട്ടുണ്ടാവാം.

    വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുമായി നടക്കുന്ന കൂട്ടുകാരും സഹപ്രവര്‍ത്തകരും പരമ പുച്ഛത്തോടെ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവാം. “കഞ്ഞിക്ക് വകയില്ല. അവന്റെയൊരു ഐഫോണേ”. എല്ലാം പദ്ധതി പോലെ നടന്നാല്‍ ഭാവിയില്‍ ഇത്തരം പുച്ഛന്മാരും പൊങ്ങന്മാരും സീനില്‍ നിന്നുതന്നെ ഔട്ടാകും. കാരണം, ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യം മുഴുവന്‍ ഒരു “ഒറ്റ ചാര്‍ജര്‍ നയം” നടപ്പാക്കാന്‍ ആലോചിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഉപഭോക്തൃകാര്യ മന്ത്രാലയ അധികൃതര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉപകരണ നിര്‍മാതാക്കളുമായി കൂടിയാലോചന നടത്തി. മൊബൈലുകളടക്കം എല്ലാ പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ചാര്‍ജറുകള്‍ സ്വീകരിക്കുന്നത് പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.

    രണ്ട് മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. യു.എസ്.ബിസി-ടൈപ് പോര്‍ട്ട് അടക്കം രണ്ട് തരം ചാര്‍ജറുകളിലേക്ക് ഇന്ത്യ മാറുന്നത് ആദ്യം പരിശോധിക്കാമെന്ന് യോഗത്തിന് ശേഷം ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. “ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്ബോള്‍ യു.എസ്.ബി ടൈപ് സി ചാര്‍ജറുകള്‍ മികച്ചതാണ്. ടൈപ് സി ഉപയോഗിച്ച്‌ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു. 65 വാട്ട് അല്ലെങ്കില്‍ അതില്‍ താഴെയുള്ള നിരവധി ഉപകരണങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം”- ഇലക്‌ട്രോണിക്‌സ് പ്രോഡക്‌ട്‌സ് ഇന്നവേഷന്‍ കണ്‍സോര്‍ട്യം (ഇ.പി.ഐ.സി) ഫൗണ്ടേഷന്‍ ചെയര്‍മാനും എച്ച്‌.സി.എല്‍ സ്ഥാപകനുമായ അജയ് ചൗധരി പറയുന്നു.

    മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല. ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍ പോലെയുള്ള ശരീരത്തില്‍ അണിയുന്ന ഉപകരണങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവക്കെല്ലാം ഒറ്റ ചാര്‍ജര്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ഇലക്‌ട്രോണിക് മാലിന്യം കുറക്കുക. കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച്‌ അന്തരീക്ഷ മലിനീകരണം പിടിച്ചുകെട്ടുക തുടങ്ങിയ പദ്ധതികളുടെ ഭാഗമായാണീ നടപടി. നഗരങ്ങളിലെ വീടുകളില്‍ 10 മുതല്‍ 14 വരെ ഉപയോഗിക്കാത്ത ചാര്‍ജറുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പഴയതും കേടായതുമായ ചാര്‍ജറുകള്‍ പിന്നീട് ഭൂമിക്കുതന്നെ ഭാരമാക്കും. 2017 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 22,700 ടണ്‍ ഇ- മാലിന്യമുണ്ടായിരുന്നത് 2021 ല്‍ 3.50 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഒരു കാര്യം ഓര്‍ക്കുക ഇത് ഔദ്യോഗിക കണക്കുകളാണ്. ഇ-മാലിന്യത്തിന്റെ 90-95 ശതമാനവും കണക്കാക്കപ്പെടാതെ പലയിടത്തും വലിച്ചെറിയപ്പെടുകയാണ്. പ്രതിവര്‍ഷ ഇ-മാലിന്യം 30 ലക്ഷം ടണ്‍ വരുമെന്നാണ് വിലയിരുത്തല്‍. ഇതത്ര ചെറിയ പ്രശ്നമല്ല.

    എന്തായാലും ഈ തീരുമാനമെടുക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. യൂറോപ്യന്‍ യൂനിയന്‍ ഇതിനകം സമാനമായ പദ്ധതി കൊണ്ടുവരുന്നുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും കാമറകള്‍ക്കും പൊതുവായ ചാര്‍ജിങ് പോര്‍ട്ടായി യു.എസ്.ബി ടൈപ്-സി മാറും. ആപ്പിള്‍ ഐഫോണും ഇതില്‍ ഉള്‍പ്പെടുന്നു. 2024ഓടെ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും ചാര്‍ജിങ് നിലവാരമായി യു.എസ്.ബി ടൈപ് സിയെ മാത്രം പരിഗണിക്കണമെന്നാണ് യൂറോപ്യന്‍ കമീഷന്‍ പ്രമേയം. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നീക്കം. 30-35 കോടിയാണ് യൂറോപ്പിലെ ചാര്‍ജര്‍ വിപണി. ഇന്ത്യയിലാകട്ടെ ഇത് 200 കോടിയാണ്.ഒരു സാധാരണ ചാര്‍ജറിന് ഇ-മാലിന്യ പ്രശ്നം അത്രക്ക് കുറക്കാന്‍ കഴിയുമോ എന്ന സംശയം നിങ്ങള്‍ക്കുണ്ടാകാം.

    കാരണം ആഗോള ഇ-മാലിന്യത്തിന്റെ 0.1 ശതമാനം മാത്രമാണ് ചാര്‍ജറുകള്‍ സംഭാവന ചെയ്യുന്നത്. എന്നാല്‍, ഇത് ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാനും പലതരം ചാര്‍ജറുകള്‍ കൊണ്ടുനടക്കുമ്ബോഴുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കും. നിങ്ങള്‍ ഒരു പുതിയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഒപ്പം ഒരു പുതിയ ചാര്‍ജര്‍ നല്‍കേണ്ടി വരില്ല. ഇത് ഫോണുകളുടെ വില കുറക്കും. കൂടാതെ, ഒറ്റ ചാര്‍ജര്‍ മതിയെന്നതിനാല്‍ പലരും വീണ്ടും വീണ്ടും ചാര്‍ജറുകള്‍ വാങ്ങുന്നത് അവസാനിപ്പിക്കും. ഇത് പ്രതിവര്‍ഷം ഉപയോക്താക്കളുടെ 25 കോടി യൂറോ വരെ ലാഭിക്കാന്‍ സഹായിക്കുമെന്ന് യുറോപ്യന്‍ യൂനിയന്‍ വിശ്വസിക്കുന്നു.

    എന്നാല്‍, ഇന്ത്യയുടെ നയത്തിന് മറ്റ് കാരണങ്ങള്‍ കൂടിയുണ്ട്. ലോകത്തിലെ ഇ-മാലിന്യത്തിന്റെ 60-90 ശതമാനം അനധികൃതമായി വില്‍ക്കുകയോ ഘാന, നൈജീരിയ, ചൈന, പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ തള്ളുകയോ ചെയ്യുന്നു. ഇന്ത്യ ഇ-മാലിന്യങ്ങളുടെ ഇറക്കുമതി നിരോധിച്ചെങ്കിലും അവ ഇപ്പോഴും നവീകരിച്ചവയായി വേഷംമാറി രാജ്യത്തെത്തുന്നു. ഇ-മാലിന്യ ഇറക്കുമതിയുടെ മൊത്തം മൂല്യം എല്ലാ വര്‍ഷവും 12.3 ശതമാനം വീതം വളരുകയാണ്. യൂറോപ്പിലുടനീളം പൊതുചാര്‍ജര്‍ നിലവാരം നിര്‍ബന്ധമാക്കിയാല്‍ ഇന്ത്യയിലേക്ക് അവര്‍ക്ക് ആവശ്യമില്ലാത്ത ചാര്‍ജറുകള്‍ കുത്തിയൊഴുക്കിയേക്കാം. എന്നാല്‍, അതിന് മുമ്ബെ ഇന്ത്യ പൊതു മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ വേണ്ടാത്തവ തള്ളിക്കളയാന്‍ കഴിയും.

    ആശങ്കകള്‍

    ഈ നീക്കം നവീകരണ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. 1996ലാണ് ആദ്യത്തെ യു.എസ്.ബി ചാര്‍ജറുകള്‍ വിപണിയിലെത്തിയത്. പൊതു നിലവാരം സ്വീകരിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചാര്‍ജറുകളുടെ വലുപ്പം കുറയുമോ? കാര്യക്ഷമത കൂടുമായിരുന്നോ? ഫാസ്റ്റ് ചാര്‍ജറുകളും ലൈറ്റ് നിങ്, ടൈപ് സി ചാര്‍ജറുകളും വരുമായിരുന്നോ? സാധ്യതയില്ല. മിക്ക കമ്ബനികളും ചാര്‍ജറുകള്‍ പരിഷ്കരിക്കാന്‍ പണം നിക്ഷേപിച്ചു. ഇന്നുള്ള ഉല്‍പന്നങ്ങള്‍ അതിന് തെളിവാണ്. എന്നാല്‍, ആഗോള നിര്‍മാതാക്കള്‍ക്ക് വ്യക്തമായ ഗൂഢലക്ഷ്യമുണ്ട്. പൊതു ചാര്‍ജര്‍ അവരുടെ സാങ്കേതികവിദ്യ ഉപേക്ഷിക്കാന്‍ കാരണമാകും. ഫാസ്റ്റ് ചാര്‍ജിങ് ശേഷി പലതരം പേരുകളില്‍ വില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയ നീക്കത്തില്‍ അവര്‍ തൃപ്തരല്ലെന്ന് കരുതേണ്ടിവരും. പൊതുവായ ചാര്‍ജിങ് സംവിധാനം (ടൈപ്-സി പോര്‍ട്ട് പോലെ) സ്വീകരിക്കുന്നത് ചെലവ് കൂട്ടുമെന്ന് ഇന്ത്യന്‍ കമ്ബനികള്‍ വിശ്വസിക്കുന്നു. ഫീച്ചര്‍ ഫോണുകളുടെയും നിര്‍മാണചെലവ് കൂടും.

    ഈ ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ഉല്‍പന്ന നിര പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നേക്കാം. എല്ലാ ഉപകരണങ്ങള്‍ക്കും ഒരു ചാര്‍ജറും സി-ടൈപ് പോര്‍ട്ടും മാത്രം നിര്‍ബന്ധമാക്കുന്നത് ആപ്പിളിനെയാവും കൂടുതല്‍ ബാധിക്കുകയെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു, കാരണം ആപ്പിള്‍ യു.എസ്. ബി -സി പോര്‍ട്ട് ഉപയോഗിക്കുന്നില്ല. ഇന്ത്യന്‍ വിപണിയിലെ മികച്ച അഞ്ച് ബ്രാന്‍ഡുകളായ സാംസങ്, ഷവോമി, ഓപ്പോ, വിവോ, റിയല്‍മി എന്നിവ ടൈപ്-സി ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നു. ചില എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇപ്പോഴും മൈക്രോ യു.എസ്.ബി പോര്‍ട്ടുകളും കേബിളുകളുമാണ് ഉപയോഗിക്കുന്നത്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....