കുവൈത്ത് സിറ്റി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ പൗരന്മാരോട് ഇറാഖ് വിടാന്‍ കുവൈത്തിന്റെ അഭ്യര്‍ഥന.
ഇറാഖിലെ കുവൈത്ത് എംബസിവഴി ഇക്കാര്യം പൗരന്മാരിലേക്ക് എത്തിച്ചിട്ടുണ്ട്. ഇറാഖിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരോട് യാത്ര മാറ്റിവെക്കാനും എംബസി ആവശ്യപ്പെട്ടു.
ശിയ നേതാവ് മുഖ്തദ സദ്ര് രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബഗ്ദാദില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. സംഘര്‍ഷത്തില്‍ ഇറാഖില്‍ കുറഞ്ഞത് 23 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 270 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ജോര്ഡന് വിദേശകാര്യ മന്ത്രാലയം ഇറാഖിലെ ജോര്ഡനികളോട് ആവശ്യപ്പെട്ടു. ദുബൈയിലെ ദീര്‍ഘദൂര വിമാനക്കമ്ബനിയായ എമിറേറ്റ്സ് ബഗ്ദാദിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു.
വിമാനങ്ങള്‍ നിര്‍ത്തിയതിനു പിറകെ ഇറാഖിലേക്കുള്ള കര അതിര്‍ത്തികളും ഇറാന് അടച്ചു. ദശലക്ഷക്കണക്കിന് ഇറാനികള്‍ ശിയ പ്രദേശങ്ങളിലേക്കുള്ള വാര്‍ഷിക തീര്‍ഥാടനത്തിനായി ഇറാഖ് സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് തീരുമാനം.