ജക്കാര്‍ത്ത: തോമസ് കപ്പ് ബാഡ്മിന്റനില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തിനു വഴിയൊരുക്കിയ മലയാളിതാരം എച്ച്.എസ്. പ്രണോയിയുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. ഇന്തൊനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റനില്‍ ഇരുപത്തൊമ്പതുകാരന് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ എന്‍ഗ്കാ ലോങ് ആന്‍ഗസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവു പറയിച്ചാണു പ്രണോയിയുടെ കുതിപ്പ്. സ്കോര്‍: 21-11, 21-18.
ലോക 12ാം നമ്പര്‍ താരമായ ആന്‍ഗസിനെ വെറും 41 മിനിറ്റിനുള്ളില്‍ പ്രണോയ് കീഴടക്കി. ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസോ ആയിരിക്കും പ്രണോയിയുടെ അടുത്ത എതിരാളി.
അതേസമയം, മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കു നിരാശയായിരുന്നു ഫലം. ലോക അഞ്ചാം നമ്പര്‍ മലേഷ്യയുടെ ലീസി ജിയയോടു 21-10, 21-13 എന്ന സ്കോറിനു സമീര്‍ വര്‍മ പരാജയപ്പെട്ടു പുറത്തായി. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ എന്‍. സിക്കി റെഡ്ഡി സഖ്യവും പുറത്തായി. ചൈനയുടെ ചെന്‍ ക്വിങ് ചെന്‍ -ജിയാ യി ഫാന്‍ സഖ്യമാണു തോല്പിച്ചത്. സ്കോര്‍: 21-16, 21-13.
പുരുഷ ഡബിള്‍സില്‍ മലയാളി താരം എം.ആര്. അര്ജുന് ധ്രുവ് കപില സഖ്യവും തോറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കലമെഡല്‍ ജേതാവായ ആര്.എം.വി. ഗുരുസായ്ദത്താണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകരിലൊരാള്‍. വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി സായ്ദത്തിന്റെ ആദ്യ ഊഴമാണിത്.