ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട ശേഷം കഴിഞ്ഞ വര്‍ഷമാണ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.
അമരീന്ദറിന്റെ പാര്‍ട്ടി സെപ്റ്റംബര്‍ 19ന് ബിജെപിയില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തറിയുന്നത്.
പിസിസി അധ്യക്ഷനായിരുന്ന നവ്ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയ ഉടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയ്ക്ക് അദ്ദേഹം രൂപം നല്‍കുകയായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.