കൊളത്തൂര്‍: സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കുപറ്റിയിട്ടും വകവയ്ക്കാതെ ബൈക്കിലെ യാത്രക്കാരന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവ്. ഇന്നലെ രാവിലെ പതിനൊന്നോടെ പാങ്ങ് ചേണ്ടിയിലാണു സംഭവം നടന്നത്.
കാടാമ്ബുഴ ഭാഗത്തു നിന്നും വരികയായിരുന്ന ബസുമായാണ് എതിര് സൈഡില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റു. ആളുകൂടിയതോടെ പരുക്ക് വകവയ്ക്കാതെ യുവാവ് ഓടുകയായിരുന്നു. അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്നു കരുതി പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചത്. തുടര്‍ന്ന് കൊളത്തൂര്‍ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.