കൊച്ചി: അന്താരാഷ്ട്ര കടുവ ദിനത്തില്‍ വ്യത്യസ്തമായ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം കടുവാദിനം ആശംസിച്ചത്. ഹാപ്പി ടൈഗര്‍ ഡേ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി മാറി. ഫോണ്‍ ദുല്‍ഖര്‍ സല്‍മാന്റെ കൈയ്യിലാണോ എന്ന സംശയവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരെല്ലാം പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ ഇട്ടിട്ടുണ്ട്.
കടുവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതിനായാണ് ജൂലൈ 29 കടുവ ദിനമായി ആചരിക്കുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ജീവജാലങ്ങളില്‍ ഒന്നാണ് കടുവകള്‍. അതിനാല്‍ അവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വംശനാശത്തിന്റെ വക്കിലെങ്കിലും ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതല്‍ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിലാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.
പാന്ഥറ ടൈഗ്രിസ് എന്നാണ് കടുവയുടെ ശാസ്ത്രീയനാമം. ആകെയുള്ള ഒന്പതിനങ്ങളില് ബാലിയന്, ജാവന്, കാസ്പിയന്‍ കടുവകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി. ബാക്കിയുള്ളവയാകട്ടെ വംശനാശ ഭീഷണിയിലുമാണ്. ലോകത്ത് വെറും പതിമൂന്ന് രാജ്യങ്ങളില്‍ മാത്രമേ കടുവകള്‍ അവശേഷിക്കുന്നുള്ളു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് 2010ല്‍ റഷ്യയില്‍ നടന്ന ഉച്ചകോടി കടുവാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ലോകത്താകെയുള്ള നാലായിരത്തില്‍ താഴെ കടുവകളില്‍ മൂവായിരത്തോളം ഇന്ത്യയിലാണ്.