ഭോപ്പാല്‍ : ഇന്ത്യയുടെ വന്യജീവി സൗന്ദര്യത്തിന് അലങ്കാരമായി ആഫ്രിക്കന്‍ കരുത്തുമായി വന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നു വിട്ടിരുന്നു.
ഈ ചടങ്ങിന് ശേഷം അദ്ദേഹം ചീറ്റ മിത്രങ്ങള്‍ എന്ന പേരില്‍ ചീറ്റകളെ സംരക്ഷിക്കാനായി ഉണ്ടാക്കിയ കൂട്ടായ്മയോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടു. മാംസഭുക്കുകളായ ചീറ്റകളെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നും, മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.
ചീറ്റകള്‍ പുതിയ ആവാസ വ്യവസ്ഥയുമായി പരിചിതരായതിന് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാവൂ എന്നും പുതിയ ആവാസ വ്യവസ്ഥയിലേക്ക് മാറുന്നതുവരെ താനടക്കമുള്ള ആരെയും കെഎന്പിക്കുള്ളില് പ്രവേശിപ്പിക്കരുതെന്നും മോദി ജീവനക്കാരോട് പറഞ്ഞു. ‘ചീറ്റകള്‍ക്ക് ആദ്യം അവയുടെ ചുറ്റുപാടുകളിലും പിന്നീട് കാട്ടിലും താമസിക്കാന്‍ സമയം ആവശ്യമാണെന്ന് നിങ്ങള്‍ അവരോട് പറഞ്ഞിരിക്കണം. രാഷ്ട്രീയ നേതാക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എന്നെപ്പോലും പാര്‍ക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ കടമയാണ്.’ ചീറ്റ മിത്രങ്ങളോടായി പ്രധാനമന്ത്രി പറഞ്ഞു. പരിശീലനം നേടിയ 400 ഓളം പേരുടെ കൂട്ടായ്മയാണ് ‘ചീറ്റ മിത്രങ്ങള്‍’. ഇവരാണ് ചീറ്റകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കവേ സിംഹങ്ങളെ സംരക്ഷിക്കാന്‍ ഗ്രാമീണരെ ചേര്‍ത്ത് നിര്‍ത്തി പ്രവര്‍ത്തിച്ച അനുഭവവും മോദി പങ്കുവച്ചു.