തിരുവനന്തപുരം: കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നല്‍കിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നല്‍കുമെന്നാണ് വിവരം.
ഇത് രണ്ടാം തവണയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുളള ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.