കൊച്ചി: നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. റോഡിലെ കുഴികളടയ്ക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കി. എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കേരള ഹൈക്കോടതി ജസ്റ്റിസ് അമികസ്‌ക്യൂറി മുഖേന നിര്‍ദേശം നല്‍കിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തില്‍പ്പെട്ടത്. പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ.എ ഹാഷിമാണ് (52) മരിച്ചത്. ങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു.
ഇതിനിടെ, ദേശീയപാതയിലെ പിഴവുകള്‍ നിയമസഭയില്‍ അടക്കം ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം നടന്ന സ്ഥലം ഉള്‍പ്പടെ തൃശൂര്‍ മുതല്‍ അങ്കമാലി വരെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് നിരവധി തവണ കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ വേണ്ടത്ര ശ്രദ്ധനല്‍കിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ചിലര്‍ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏത് സര്‍ക്കാരിന്റെ, വകുപ്പിന്റെ റോഡായാലും അവിടെ അപകടം ഉണ്ടാകാനോ കുഴികള്‍ ഉണ്ടാകാനോ പാടില്ല. ഇത് പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ്. റോഡ് കേന്ദ്രസര്‍ക്കാരിന്റെയാണ് എന്ന് അധിക്ഷേപിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തില്‍ ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. അതില്‍ കാലാവസ്ഥ ഒരു ഘടകമാണ്. തെറ്റായ ചില പ്രവണതകള്‍ ഉണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടണം.
ജനങ്ങള്‍ പരാതിപ്പെടാന്‍ തരത്തില്‍ റോഡ് നിര്‍മിച്ച കരാറുകാരന്റെ വിവരങ്ങള്‍ ഉള്‍പ്പടെ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു വരികയാണ്. ഇത്തരത്തില്‍ മൂവായിരത്തില്‍ അധികം ബോര്‍ഡുകളാണ് സ്ഥാപിച്ചത്. എന്നാലിതിനെ പലരും പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ അറ്റകുറ്റപണികള്‍ വരുന്നത് കുറവാണ്. എന്നാല്‍ ദേശീയപാത അതോറ്റിറ്റി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ല. അപകടം നടന്ന സ്ഥലം ദേശീയപാത അതോറിറ്റി കീഴില്‍ വരുന്നതാണ്. അവിടെ ടോള്‍ ഉള്‍പ്പടെയുണ്ട്. അവിടെ ബന്ധപ്പെട്ട കരാറുകാര്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ല.
ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണ്. ഇത് സംബന്ധിച്ച് നിരവധി കത്തുകളും നല്‍കി. ദേശീയപാത അതോറിറ്റിക്ക് കീഴില്‍ വരുന്ന റോഡുകളിലെ കുഴികള്‍ അടക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ല’- മന്ത്രി പറഞ്ഞു.