തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത്, തദ്ദേശഭരണ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസടക്കം കടുത്ത നടപടി വരും.
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമാണുണ്ടാകുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രമക്കേട് സ്ഥിരീകരിച്ച ഇടങ്ങളിലെ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം.
റോഡുകളിലെ കുഴി യാത്രക്കാര്‍ക്ക് തലവേദനയാവുകയും രാഷ്ട്രീയക്കാര്‍ തമ്മിലുള്ള വാഗ്വാദത്തിന് വഴിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈകോടതി നിര്‍ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ ‘ഓപറേഷന്‍ സരള്‍ രാസ്ത’ എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ആറ് മാസത്തിനിടെ നിര്‍മാണമോ അറ്റകുറ്റപ്പണിയോ നടത്തിയശേഷം പൊട്ടിപ്പൊളിഞ്ഞ റോഡുകളിലായിരുന്നു പരിശോധന. മതിയായ ഗുണനിലവാരമില്ലാതെയാണ് പല റോഡുകളും നിര്‍മിച്ചതെന്നും സാമ്ബിളുകളുടെ പരിശോധനക്കുശേഷം തട്ടിപ്പില്‍ വ്യക്തത വരുമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിമൂലം ശരിയായ രീതിയില്‍ ടാറിങ് നടക്കാത്തതാണ് റോഡ് നിര്‍മിച്ച ഉടന്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്ന് വിജിലന്‍സ് വിലയിരുത്തി. സംസ്ഥാനത്തെ പുതിയ റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ നിര്‍വഹിക്കുന്നതില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (എന്‍.എച്ച്-റോഡ് വിഭാഗം), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ കരാറുകാരുമായി അവിശുദ്ധബന്ധം പുലര്‍ത്തിവരുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. അവരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് റോഡുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം പൊട്ടിപ്പൊളിയുന്നതെന്നാണ് വിലയിരുത്തല്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്‍ബലത്തില്‍ ചില കരാറുകാര്‍ ടെന്‍ഡറില്‍ പറഞ്ഞ അളവിലും കനത്തിലും റോഡ് പണികള്‍ ചെയ്യാറില്ല. ചിലര്‍ നിലവാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.