കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എതിരാളിയും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എല്‍.പി.പി) യിലെ വിഘടിത വിഭാഗം നേതാവുമായ ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ തോല്പിച്ചത്.
225 അംഗ പാര്‍ലമെന്റില്‍ റനില്‍ വിക്രമസിംഗെക്ക് 134ഉം അലഹപ്പെരുമക്ക് 82 വോട്ടുമാണ് ലഭിച്ചത്. ലങ്കയുടെ ഒമ്ബതാമത്തെ പ്രസിഡന്റാണ്. ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് റനില്‍ അധികാരമേറ്റെടുക്കുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റനില്‍ വിക്രമസിംഗെ രാജിവെക്കണമെന്ന് സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിന് എതിരായാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും വിക്രമസിംഗെ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി.
നൂറ് അംഗങ്ങളുള്ള എസ്.എല്‍.പി.പിയുടെ പിന്തുണയോടെയാണ് 73കാരനായ റനില്‍ പ്രസിഡന്റായത്. റനിലിന്റെ പാര്‍ട്ടിയായ യു.എന്‍.പിക്ക് പാര്‍ലമെന്റില്‍ അദ്ദേഹം മാത്രമാണ് അംഗമായുള്ളത്. അഞ്ചു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ആറു തവണ പ്രധാനമന്ത്രിയായ റനില്‍ ആദ്യമായാണ് പ്രസിഡന്റാകുന്നത്.