ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കൊലപാതകക്കേസ് 48 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ സഹായിച്ച ജോണി പൊലീസ് നായ്ക്കള്‍ക്കിടയില്‍ ഹീറോയായി.ഈ ജര്‍മന്‍ ഷെപേര്‍ഡ് 22 കിലോമീറ്റര്‍ അകലെയുള്ള പ്രതികളെ കണ്ടെത്താന്‍ സഹായകരമായി .
പടിഞ്ഞാറന്‍ യുപിയിലെ കാസ്ഗഞ്ചിലെ ഫാമില്‍ 15 വയസുള്ള ദുര്‍വേഷ് കുമാര്‍ എന്ന കൗമാരക്കാരനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയും കുട്ടിയുടെ ട്രാക്ടറും കുറച്ച് പണവും തട്ടിയെടുത്തെന്നുമാണ് കേസ്.
‘കസ്ഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കൊലപാതക കേസ് 48 മണിക്കൂറിനുള്ളില്‍ തെളിയിക്കുന്നതില്‍ പങ്ക് വഹിച്ച ജോണിയെ സല്യൂട് ചെയ്യുന്നു. നായ കൊലയാളികളിലേക്ക് എത്തുക മാത്രമല്ല, 22 കിലോമീറ്റര്‍ അകലെ പാര്‍ക് ചെയ്തിരുന്ന കൊള്ളയടിച്ച ട്രാക്ടര്‍ ട്രാക് ചെയ്യുകയും ചെയ്തു’, ചെറിയ വീഡിയോ സഹിതം യുപി പൊലീസ് ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് കൊലക്കേസില്‍ ആകാശ് ചൗഹാന്‍, ധീരേന്ദ്ര, രാഹുല്‍ ചൗഹാന്‍ എന്നീ മൂന്ന് പേര്‍ അറസ്റ്റിലായി. പൊലീസ് നായയെ കൈകാര്യം ചെയ്യുന്ന രാംപ്രകാശ് സിംഗ്, അനുരാഗ് എന്നിവരെ അനുമോദിക്കുകയും പ്രശംസാപത്രം നല്‍കുകയും ചെയ്തു. നായയെ സല്യൂട് ചെയ്ത കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട് ബിബിജിടിഎസ് മൂര്‍ത്തി, പൊലീസിന്റെ വിജയത്തിന് നായക്കാണ് ക്രെഡിറ്റ് നല്‍കിയത്.