കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തുമെന്ന് ഹൈക്കോടതി. സി.ബി.ഐ കോടതിയുടെ ചുമതലയുണ്ടായിരുന്ന ജഡ്ജി, ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും അതോടൊപ്പം മാറ്റുകയായിരുന്നു. കേസ് ഫയലുകള്‍ സി.ബി.ഐ കോടതിയില്‍ നിന്ന് മാറ്റാനുള്ള ഉത്തരവായിട്ടുണ്ട്.
അതേസമയം, കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജിയുടെ കീഴിലെ വിചാരണയില്‍ അതൃപ്തയാണെന്നും സൂചിപ്പിച്ച് അതിജീവിത ഹൈക്കോടതിയില്‍ കത്ത് നല്‍കിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് വിചാരണ, വനിത ജഡ്ജിയുടെ മേൽനോട്ടത്തിലാക്കിയത്. പിന്നീട്, വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ച നടിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞിരുന്നു.