ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് പ്രതിപക്ഷ എംപിമാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ ഗുപ്ത ഉള്‍പ്പെടെയുള്ളവരെയാണു സസ്പെന്‍ഡ് ചെയ്തത്. ഇതോടെ പാര്‍ലമെന്റ് നടപടി നേരിടുന്ന എംപിമാരുടെ എണ്ണം 27 ആയി. കഴിഞ്ഞ ദിവസം രാജ്യസഭയിലെ 20 എംപിമാരെയും ലോക്സഭയിലെ നാല് എംപിമാരായും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ 50 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം നടത്തി. ചൊവ്വാഴ്ച സസ്പെന്‍ഷനിലായ 19 പേരും ബുധനാഴ്ച സസ്പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങും (എഎപി) റിലേ സത്യഗ്രഹത്തില്‍ പങ്കെടുത്തു. വി ശിവദാസന്‍, എ എ റഹിം (സിപിഐ എം), പി സന്തോഷ്‌കുമാര്‍ (സിപിഐ) എന്നിവരടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് അടക്കമുള്ള നാല് അംഗങ്ങള്‍ സഭാകവാടത്തില്‍ ധര്‍ണ നടത്തി. രാജ്യസഭ ചേര്‍ന്നപ്പോള്‍ കൂട്ട സസ്പെന്‍ഷനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.