സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) ധീരതയും പാര്‍ട്ടിയോടുള്ള സ്‌നേഹവും വെളിവാക്കുന്ന അനുഭവക്കുറിപ്പ് പങ്കുവെച്ചിരിയ്ക്കുകയാണ് ലെനിന്‍ പാനൂര്‍ എന്ന ചെറുപ്പക്കാരന്‍.
പാനൂരെ രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ മകനാണ് ലെനിന്‍. തന്റെ അച്ഛനെ RSS ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ സമയത്ത് തീര്‍ത്തും ഭീതിജനകമായ സാഹചര്യമായിരുന്നെന്ന് ലെനിന്‍ പറയുന്നു.
രാത്രിയോ പകലോ ഒരു ചെറിയ കാല്‍വെപ്പ് പോലും ഭയത്തോടെ കേട്ടിരുന്ന നാളുകള്‍. രക്തസാക്ഷിയെ കാണാന്‍ ആയാലും വന്നാല്‍ ഏത് നേതാവും ആക്രമിക്കപ്പെടുമെന്ന് RSS തിട്ടൂരം നല്‍കിയിരുന്ന കറുത്ത ദിനങ്ങള്‍. പല സഖാക്കളെയും പാര്‍ട്ടിയും പൊലീസും വിലക്കി തിരിച്ചയച്ചിരുന്ന കാലത്ത് തന്റെ അച്ഛന്റെ ചോര ഉണങ്ങും മുന്നേ സഖാവ് കോടിയേരിയും പിണറായിയും ഇവിടെ വന്നെത്തിയെന്ന് ലെനിന്‍ പറയുന്നു. ഇന്നും രാഷ്ട്രീയ എതിരാളികളാല്‍ സഖാക്കള്‍ക്ക് ജീവന്‍ നഷ്ടമാകുമ്ബോള്‍ അക്രമം നേരിടേണ്ടി വരുമ്ബോള്‍ അവിടെ ആദ്യം ഓടിയെത്തി ചേര്‍ത്തു പിടിക്കുന്നവരില്‍ ഒരാള്‍ സഖാവ് കോടിയേരി ആയിരിക്കുമെന്നും ലെനിന്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ബാലകൃഷ്‌ണേട്ടാ…
ഇത് ലെനിന്‍, നമ്മളെ പാനൂരെ രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ മോന്‍ ആണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തലശ്ശേരി AC ഓഫീസില്‍ വെച്ച് കോടിയേരിയെ കണ്ടപ്പോള്‍ ഷംസീര്‍ക്ക എന്നെ ഇങ്ങനെ പരിചയപെടുത്തി.
ആ, ഞാന്‍ അന്ന് നിന്റെ വീട്ടില്‍ വന്നിരുന്നു. എനിക്കോര്‍മ്മയുണ്ട്. കോടിയേരി പറഞ്ഞു
അന്ന് വന്നിരുന്നു എന്ന് വളരെ നിസാരമായി സഖാവ് പറഞ്ഞ ‘ആ ദിവസങ്ങളെ’ പറ്റിയാണ്. തൊണ്ണൂറുകളുടെ അവസാനം. കണ്ണൂരില്‍ പ്രത്യേകിച്ചും തലശ്ശേരി പാനൂര്‍ മേഖലകളില്‍ തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്ന കാലം. പാര്‍ട്ടി പ്രവര്‍ത്തകരായ ആണുങ്ങളുള്ള വീട് ആണെങ്കില്‍ പകല്‍ സമയത്തു പോലും വീട് പൂട്ടി അകത്ത് നിശബ്ദമായി വീട്ടുകാര്‍ കഴിയുന്ന ദിവസങ്ങള്‍. രാത്രിയായാല്‍ ഒരു ലൈറ്റ് പോലും ഇടാതെ ഏത് സമയവും ഒരു ബോംബ് വന്ന് വീഴുന്നതോ ഒരു ക്രിമിനല്‍ സംഘം വീട്ടിലേക്ക് ഇരച്ചു കയറുന്നതോ ഭയന്ന് നിശബ്ദം കഴിഞ്ഞിരുന്ന കാലം. അങ്ങനെ ഒരു ദിവസം രാത്രിയിലാണ് അയല്പക്കത്തെ വീട്ടിലേക്ക് ബോംബെറിഞ്ഞു ഭീതി പരത്തി ഇരച്ചു കയറിയ RSS ക്രിമിനലുകള്‍ അച്ഛനെ വെട്ടികൊലപ്പെടുത്തുന്നത്.
അതിന്റെ തലേദിവസം പകല്‍ സമയത്താണ് സഖാവ് കനകരാജിനെ വീട് വളഞ്ഞു ബോംബെറിഞ്ഞു വെട്ടികൊലപ്പെടുത്തുന്നത്. രാത്രിയോ പകലോ ഒരു ചെറിയ കാല്‍വെപ്പ് പോലും ഭയത്തോടെ കേട്ടിരുന്ന നാളുകളാണ് അതെന്ന് ഇന്ന് ഇത് വായിക്കുന്ന പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചെന്നു വരില്ല.
കൊല്ലപ്പെട്ട് അടുത്ത ദിവസം അച്ഛന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങും വഴിയാണ് അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സഖാവ് ഇ.പി ക്ക് നേരെ ബോംബേറുണ്ടാകുന്നത്. പാനൂരിന്റെ കിഴക്കന്‍ ഭാഗത്തേക്ക് ഒരു രാഷ്ട്രീയ നേതാവിനും പ്രവേശനമില്ലെന്നും, രക്തസാക്ഷിയെ കാണാന്‍ ആയാലും വന്നാല്‍ ഏത് നേതാവും ആക്രമിക്കപെടുമെന്നും RSS തിട്ടൂരം നല്‍കിയിരുന്ന ഡിസംബറിലെ കറുത്ത ദിനങ്ങള്‍. അന്ന് തലശ്ശേരിയില്‍ നിന്നും വീട്ടിലേക്ക് പുറപ്പെട്ട പല സഖാക്കളെയും പാര്‍ട്ടിയും പൊലീസും വിലക്കി തിരിച്ചയച്ചിരുന്നതായി ഷംസീര്‍ക്ക ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
അങ്ങനെ ഭീഷണി നിലനിന്നിരുന്ന ഒരു സാഹചര്യത്തിലാണ് അയല്പക്കത്തെ വീട്ടിലെ അടുക്കളയില്‍ ചിതറിതെറിച്ചു വീണ അച്ഛന്റെ ചോര ഉണങ്ങും മുന്നേ സഖാവ് കോടിയേരിയും സഖാവ് പിണറായിയും ഇവിടെ വന്നെത്തിയത്. ആ ചിത്രമാണ് ഇവിടെ ചേര്‍ക്കുന്നത്. ഒട്ടുമേ കണ്ണീര്‍ പൊഴിച്ചുകൊണ്ടല്ല ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എന്നും പറഞ്ഞുവെക്കുന്നു.
ജില്ലാ സെക്രട്ടറിയായ ഇ.പി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും കോടിയേരിയും സുരക്ഷിതരല്ല എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ആക്രമിക്കപ്പെടും എന്നത് അത്രയേറെ നിശ്ചയമുള്ള കാര്യം. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കൊണ്ട് സഖാക്കള്‍ വീട്ടിലെത്തിയിരുന്നു.
ആ വരവിനെയാണ് ‘ഞാന്‍ അന്ന് അവിടെ വന്നിരുന്നു’ എന്ന് വളരെ നിസാരസംഭവമായി പറഞ്ഞുപോയത്. തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സമയത്തെ കണ്ണൂരിന്റെ ഭയപ്പെടുത്തുന്ന ദിനരാത്രങ്ങള്‍ ഓര്‍മ്മയിലുള്ള ആര്‍ക്കും ഇതൊരു നിസാരകാര്യമായി കാണുവാനാകില്ല എന്നതുറപ്പാണ്. ഒരുപക്ഷെ പിണറായിയും കോടിയേരിയും ഇ.പി യും പി ഹരീന്ദ്രനും, പി.കെ കുഞ്ഞനന്തനും തുടങ്ങിയ സഖാക്കള്‍ എത്രമാത്രം സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ മണ്ണിലേക്ക് എത്തിയില്ലായിരുന്നു എങ്കില്‍ പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ ഇന്നീ കാണും വിധം പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്.
ഇന്നും രാഷ്ട്രീയ എതിരാളികളാല്‍ സഖാക്കള്‍ക്ക് ജീവന്‍ നഷ്ടമാകുമ്ബോള്‍ അക്രമം നേരിടേണ്ടി വരുമ്ബോള്‍ അവിടെ ആദ്യം ഓടിയെത്തി ചേര്‍ത്തു പിടിക്കുന്നവരില്‍ ഒരാള്‍ സഖാവ് കോടിയേരി ആയിരിക്കും. അസുഖബാധിതനായിരിക്കുന്ന സമയത്തും പാര്‍ട്ടി ആക്രമിക്കപെടുമ്ബോള്‍ പ്രതിരോധം തീര്‍ക്കാന്‍ സഖാവ് മുന്നില്‍ നിന്നത് നമ്മള്‍ കണ്ടതുമാണ്.
അന്ന് നാല്‍പത്തിയാറാം വയസില്‍ ബോംബും വാളും പതിയിരിക്കുന്നുണ്ട് എന്നുറപ്പുള്ള വഴികളിലൂടെ വീട്ടിലെത്തിയ കോടിയേരി എന്ന പോരാളി എന്തായിരുന്നോ ആ കരുത്ത് അര്‍ബുദ ബാധിതനായി ചികിത്സയിലായിരിക്കുമ്ബോള്‍ വരെ തുടര്‍ന്നു. അതിനു മുന്നേ തലശ്ശേരി കലാപ കാലത്തും അടിയന്തരാവസ്ഥ കാലത്തും ആ പോരാളിയുടെ കരുത്ത് ഈ നാട് കണ്ടതാണ്. അങ്ങനെ 16 ആം വയസില്‍ ബ്രാഞ്ച് മെമ്ബറായി ആരംഭിച്ച ഇടവേളകളില്ലാത്ത പോരാട്ട ജീവിതമാണ് 69 ആം വയസില്‍ അവസാന ശ്വാസം വരെ പോരടിച്ചു നിന്ന്‌കൊണ്ട് അവസാനിക്കുന്നത്.
ഇനിയുമേറെ കാലം സഖാവ് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിക്കുന്നുണ്ട് ഇപ്പോഴും. എത്രയോ കാലമായി കണ്ടുശീലിച്ച സഖാവ് കോടിയേരി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ ഇനി എവിടെയും കാണില്ല എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈ കാഴ്ച്ചയില്‍ നിന്നും മായുകയാണെങ്കിലും ഹൃദയത്തില്‍ നിങ്ങളെപ്പോഴുമുണ്ടാകും. കുട്ടികാലം മുതല്‍ കേട്ട സഖാവ് കോടിയേരി എന്ന നന്മനിറഞ്ഞ ആ മനുഷ്യന്റെ ഓര്‍മ്മകള്‍ ഇനിയെക്കാലവും നമുക്ക് കരുത്ത് പകരും.
പ്രിയ സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങള്‍…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.