തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം വലിയ തമാശയുണ്ടാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
1,25,508 പേര്‍ക്കാണ് കഴിഞ്ഞ തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത്. ഇത് ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍, ഈ വര്‍ഷം ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്കൂള്‍ വിക്കി അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഈ വര്‍ഷം 44 363 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു.
സംസ്ഥാനത്തെ 15000 വിദ്യാലയങ്ങളെ കോര്‍ത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്കൂള്‍ വിക്കി പോര്‍ട്ടലില്‍ മികച്ച പേജുകള്‍ ഉള്‍പ്പെടുത്തിയ സ്കൂളുകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് മന്ത്രി നിര്‍വഹിച്ചത്.
കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂര്‍ എന്നീ സ്കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചിരിക്കുന്നത്.