കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനായുള്ള ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. 2022-23 സീസണിന്റെ ഫിക്സചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് വെള്ളിയാഴ്ച കൊച്ചിയിലാണ് പുതിയ സീസണിനു പന്തുരുളുന്നത്. രാത്രി 7.30നു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സ് എസ്സി ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.
കൊവിഡ് കാരണം കഴിഞ്ഞ രണ്ടു സീസണുകളിലും ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്. എന്നാല്‍ ഈ സീസണില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്നത് ആഹ്ലാദിക്കാന്‍ വക നല്കുന്ന കാര്യമാണ്. മാത്രമല്ല ഈ സീസണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുന്‍ സീസണുകളിലേതു പോലെ എല്ലാ ദിവസവും മല്സരങ്ങളുണ്ടായിരിക്കില്ല. കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്കു കൊണ്ടു വരുന്നതിനായി വ്യാഴം മുതല്‍ ഞായര്‍ വരെയായിരിക്കും മല്‍സരങ്ങള്‍. എല്ലാ കളികളും രാത്രി 7.30നായിരിക്കും തുടങ്ങുക.