ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകി.
ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഡെറാഡൂണ്‍ ജില്ലയിലെ റായ്പൂര്‍ ബ്ലോക്കിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഹിമാചല്‍പ്രദേശിലെ മണ്ഡിയിലുമാണ് മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് കനത്ത മഴയുണ്ടായത്.
ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ താമസ നദി കരകവിഞ്ഞൊഴുകുകയാണ്. താപ്കേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. ഹിമാചലില്‍ മണ്ഡിയില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് മണ്ഡി, കുളു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ തുടരുന്ന മണ്ഡിയില്‍ അടുത്ത 24 മണിക്കൂര്‍ കൂടി മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.