തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച് 9 മുതലും ഹയര്‍ സെകന്‍ഡറി 10 നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച് 29 വരെ നടക്കും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.
4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ആണ്‍കുട്ടികളുടെ എണ്ണം 2,13,801. പെണ്‍കുട്ടികളുടെ എണ്ണം 2,00,561. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24വരെ നടക്കും. 18,000ല്‍ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.
ഹയര്‍ സെകന്‍ഡറി പരീക്ഷ മാര്‍ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. ഹയര്‍ സെകന്‍ഡറിയില്‍ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മേയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ കാംപുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണയ ക്യാംപുകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിര്‍ണയ കാംപുകളില്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷയും മാര്‍ച് 10ന് ആരംഭിച്ച് മാര്‍ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച് 13ന് ആരംഭിച്ച് 30ന് അവസാനിക്കും.
ഹയര്‍ സെകന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധതരം സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെകന്‍ഡറി വിഭാഗം ‘വി ഹെല്‍പ്’ എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ ഫോണില്‍ കൗണ്‍സിലിങ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി 180 042 528 44 എന്ന നമ്ബറില്‍ വിളിക്കാവുന്നതാണ്. ടോള്‍ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.