ഡല്‍ഹി : ഇന്ത്യയുടെ 15ാം രാഷ്ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പുരോഗമിക്കുന്നു. ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 പേരുടെ പിന്തുണ മുര്‍മുവിനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും.
മുര്‍മുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിന്‍ഹയ്ക്ക് ഇപ്പോള്‍ ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകള്‍ അസാധുവായെന്നും പി.സി. മോദി അറിയിച്ചു. പാര്‍ലമെന്റിലെ 63ാം നമ്ബര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയം ഉറപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ചില കക്ഷികളും അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുര്‍മു മൂന്നില്‍ രണ്ട് വോട്ടുനേടി ജയിക്കുമെന്നാണ് സൂചന. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.
എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു. കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി. ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ആശ്വാസമായത്.